പാക്കിസ്ഥാനിലെ പെഷവാറിലുള്ള മോസ്‌കില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണം നടത്തുന്നതിനായി ഭീകരന്‍ നുഴഞ്ഞുകയറിയതു പോലീസ് വേഷത്തിലെന്ന് കണ്ടെത്തി. അതിവസുരക്ഷാമേഖലയിലൂടെ പോലീസ് വേഷത്തില്‍ ഹെല്‍മറ്റും മാസ്‌കും അണിഞ്ഞ് എത്തിയ ഭീകരനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുഖ്യകവാടത്തിനു സമീപമുള്ള പരിശോധനാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ഭീകരന്‍ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്ന് ഖൈബര്‍-പഷ്തൂണ്‍വാല ഐജി മോസം ഝാ അന്‍സാരി പറഞ്ഞു.
തിങ്കളാഴ്ച പെഷവാറിലെ മുസ്ലിംപള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 95 പോലീസുകാരുള്‍പ്പെടെ 101 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ഏറ്റെടുത്തിരുന്നു.
ഭീകരന്റെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചു. സ്‌ഫോടനസ്ഥലത്തുനിന്നും കണ്ടെത്തിയ ശിരോഭാഗങ്ങള്‍ ഭീകരന്റേതാണെന്നു സ്ഥിരീകരിച്ചതായും അറിയുന്നു. മോസ്‌കിലേക്കുള്ള വഴി ഒരു പോലീസുകാരനോടു ചോദിച്ചാണ് ഭീകരന്‍ മനസിലാക്കിയത്. പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ചാവേറിനെ കുറ്റകൃത്യത്തിനായി നിയോഗിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.