പാക്കിസ്ഥാനിലെ പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പോലീസ് മേധാവി. ചാവേര്‍ ആക്രമണത്തില്‍ ഒരു ഇമാം ഉള്‍പ്പെടെ 100 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത് നാനൂറോളം പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുന്‍നിരയിലുള്ളതിനാലാണ് അവര്‍ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു. പോലീസ് സേനയെ തകര്‍ക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021 ഓഗസ്റ്റില്‍ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലുള്ള പെഷവാറിനടുത്തുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ചെക്ക്പോസ്റ്റുകളെ ലക്ഷ്യം വച്ചുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക വിഭാഗവുമാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടുതലും ഏറ്റെടുക്കുന്നത്.
പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ചെക്ക്പോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു.