രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വില കൂടി. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് വര്‍ധന. ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും കൂടുന്നതിന് ഇത് കാരണമാകും.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകും.