Saturday, April 19, 2025

ഇപിഎഫ് പലിശ നിരക്ക് കുറച്ചു; പ്രതികൂലമായി ബാധിക്കുന്നത് ആറു കോടി മാസ ശമ്പളക്കാരെ

രാജ്യത്തെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വന്‍ തിരിച്ചടി. എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. 8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.

ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് നിര്‍ണായക തീരുമാനം എടുത്തത്. തൊഴില്‍ ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ അടങ്ങിയതാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്കില്‍ പോയന്റ് നാല് ശതമാനം കുറവാണ് വരുത്തിയത്.

പലിശ നിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. കോവിഡ് സാഹചര്യത്തില്‍ പിഎഫിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞതും നിരവധി പേര്‍ പണം പിന്‍വലിച്ചതും പലിശനിരക്ക് കുറയ്ക്കാന്‍ കാരണമായി.

Latest News