Monday, November 25, 2024

ജൂതരെ ആക്രമിക്കാന്‍ പിഎഫ്ഐ പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി

തമിഴ്നാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടക്കനാലില്‍വച്ച് ജൂതരെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). ദക്ഷിണേന്ത്യയില്‍നിന്നുള്ള 15 അംഗ സംഘവും കൂട്ടാളികളും ചേര്‍ന്ന് ജഡ്ജിമാര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, അഹമ്മദീയ വിഭാഗം മുസ്ലിങ്ങള്‍ എന്നിവരെയും ആക്രമിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ആഗോള ഭീകരസംഘടന ഐഎസ്ഐഎസില്‍ ആകൃഷ്ടരായവരാണ് ഇതിനുപിന്നിലെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.

അന്‍സര്‍ഉല്‍ ഖലീഫ കേരള എന്ന സംഘമാണ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനായി പ്രവര്‍ത്തിച്ചത്. ഇന്റര്‍നെറ്റ് വഴിയാണ് ഇവര്‍ ഐഎസ്ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചത്. സര്‍ക്കാരിനെതിരെ യുദ്ധം ആസൂത്രണം ചെയ്യാന്‍ യോഗം ചേരവെയാണ് 2016 ഒക്ടോബര്‍ രണ്ടിന് കണ്ണൂരില്‍നിന്ന് മന്‍സീത്, സ്വാലിത് മുഹമ്മദ്, റഷീദ് അലി സഫ്വാന്‍, ജെ കെ നസീം എന്നിവര്‍ അറസ്റ്റിലായത്. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും കണ്ടെത്തി. യുഎഇയിലുള്ള കൂട്ടാളികളില്‍നിന്ന് ഫണ്ട് ലഭിച്ചെന്ന് സ്വാലിത് മുഹമ്മദ് വെളിപ്പെടുത്തി. ‘ദ ഗേറ്റ്’, ‘ബാബ് അല്‍ നൂര്‍’, ‘പ്ലേ ഗ്രൗണ്ട്’ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ റിക്രൂട്ട്മെന്റ് നടത്തിയത്.

മലയാളിയായ ഷാജഹാന്‍ എന്നയാള്‍ ഐഎസ്ഐഎസിനുവേണ്ടി തുര്‍ക്കിയും സിറിയയും സന്ദര്‍ശിച്ചു. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അവിടെ പിടിയിലായ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഇയാള്‍ പിഎഫ്ഐയുടെ മുന്‍രൂപമായ എന്‍ഡിഎഫില്‍ ചേര്‍ന്ന് പരിശീലനം നേടി. പിഎഫ്ഐ നേതാക്കളായ ഹാരിസ്, ഷബീര്‍, മനാഫ്, മുസ്തഫ, സാദിഖ്, ഷാജി തുടങ്ങിയവരുമായും ബന്ധം സ്ഥാപിച്ചു. ഷാജഹാനും പിഎഫ്ഐ വളപട്ടണം ഡിവിഷണല്‍ പ്രസിഡന്റായിരുന്ന ഷമീറും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു. ഇവര്‍ തുര്‍ക്കി, മലേഷ്യ, സിറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 2017ല്‍ തുര്‍ക്കിയില്‍ പിടിയിലായ ഷാജഹാനെ ഇന്ത്യയിലേക്ക് വീണ്ടും അയച്ചെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Latest News