Monday, November 25, 2024

മുസ്ലീം തീവ്രവാദികള്‍ക്കെതിരെ യുദ്ധം കടുപ്പിച്ച് ഫിലിപ്പീന്‍സ് സൈന്യം; ഭീകരതയ്ക്ക് അറുതി വരുത്തുമെന്ന് സൈനിക ജനറല്‍

ഫിലിപ്പീന്‍സ് സൈന്യം മുസ്ലീം തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഏഴ് സൈനികരും രണ്ട് വിമതരും കൊല്ലപ്പെട്ടതായിട്ടാണ് സൈനിക ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചത്. രാജ്യത്തിന്റെ തെക്ക് ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ലനാവോ ഡെല്‍ നോര്‍ട്ടെ പ്രവിശ്യയിലെ മുനായ് പട്ടണത്തിന് സമീപം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയ സായുധ സംഘമായ ദവ്ല ഇസ്ലാമിയയുടെ പോരാളികള്‍ക്കെതിരെയാണ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മറ്റ് നാല് സൈനികര്‍ക്ക് പരിക്കേറ്റതായി സൈനിക മേധാവി ജനറല്‍ റോമിയോ ബ്രൗണര്‍ ജൂനിയര്‍ പറഞ്ഞു.

ഇപ്പോഴും അജ്ഞാതരായ നിരവധി തീവ്രവാദികളെ സൈന്യം വേട്ടയാടുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും നീതി ലഭിക്കുമെന്ന് ബ്രൗണര്‍ ഉറപ്പാക്കി. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തുക എന്ന ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ സൈനികര്‍ പ്രചോദിതരാണെന്ന് അദ്ദേഹം പറഞ്ഞു.

മറാവി സ്റ്റേറ്റില്‍ ഒരു കത്തോലിക്കാ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെ നാല് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡിസംബര്‍ 3 ന് നടന്ന ബോംബാക്രമണത്തിന് പിന്നിലുള്ളവര്‍ ഈ ഭീകര സംഘടനയില്‍ ഉള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ ദവ്ല ഇസ്ലാമിയയുടെ നേതാവടക്കം 18 പോരാളികളെ സൈന്യം വധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കന്‍ ഫിലിപ്പീന്‍സില്‍ ഇപ്പോഴും വിഘടനവാദ പ്രക്ഷോഭം നടത്തുന്ന ഏതാനും സായുധ സംഘങ്ങളില്‍ ഒന്നാണ് ദൗല ഇസ്ലാമിയ.

 

 

Latest News