Sunday, November 24, 2024

വിമാനയാത്രയില്‍ അച്ചാർ, കൊപ്ര എന്നിവയ്ക്ക് നിരോധനം

വിമാനയാത്രയില്‍ ഒഴിവാക്കേണ്ട വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ. നിരോധിതവസ്തുക്കള്‍ ആഭ്യന്തര – അന്തര്‍ദേശീയ യാത്രക്കാര്‍ കൊണ്ടുപോകുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പട്ടിക പുറത്തുവിട്ടത്. ഇ-സിഗരറ്റുകള്‍, നെയ്യ്, അച്ചാറുകള്‍, കൊപ്ര തുടങ്ങിയ വസ്തുക്കള്‍ യാത്രയില്‍ കരുതുന്നതിനാണ് നിരോധനം.

പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, എണ്ണമയമുള്ള മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ അടക്കമുള്ള വസ്തുക്കള്‍ക്കും നിരോധനമുണ്ട്. ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്‌പ്രേ ബോട്ടിലുകള്‍ എന്നിവയും യാത്രയില്‍ കരുതാന്‍ പാടില്ല. അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ, എയര്‍ലൈനുകളോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മനസ്സിലാക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ക്രിസ്മസ് സീസണ്‍ അടുത്തുവരുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതിനാലാണ് ഇത്തരമൊരു നടപടി.

കൊപ്രയും പടക്കവും വരെ യാത്രക്കാരുടെ ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണുന്നത് വലിയ സുരക്ഷാഭീഷണി ഉയര്‍ത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് യു.എ.ഇയുടെ പുതിയ നീക്കം. അതേസമയം, അച്ചാര്‍, നെയ്യ് തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നത് പ്രവാസി മലയാളികള്‍ക്ക് വലിയ തിരിച്ചടിയാകും.

Latest News