Friday, April 4, 2025

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിസ്‌കാരസ്ഥല ആവശ്യങ്ങള്‍ നിഷ്‌കളങ്കമല്ല, കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ അടിയന്തര ഇടപെടലുകള്‍ ആവശ്യം

മൂവാറ്റുപുഴ നിര്‍മല കോളജിലും, പിന്നാലെ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണം. സംസ്ഥാനത്തെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ അന്വേഷിക്കണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം ആവശ്യപ്പെടുന്നു.

വ്യക്തമായ അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന അധാര്‍മിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിതാന്ത ജാഗ്രത കേരളത്തില്‍ ആവശ്യമായിരിക്കുന്നു.

മതമൗലികവാദം ഭീകരവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറപിടിച്ച് നിസ്സാരകാര്യങ്ങള്‍ കുത്തിപ്പൊക്കുന്നത് ഇതിന്റെയൊക്കെ സൂചനകളാണ്. ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാന്‍ കഴിയില്ല.

ഒരേ പ്രദേശത്ത് നിന്ന് തന്നെ തുടര്‍ച്ചയായി വരുന്ന മതപരമായ ഇത്തരം ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണവും മേല്‍നടപടികളും അടിയന്തരമായി അല്‍മായ ഫോറം അഭ്യര്‍ത്ഥിക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിസ്‌കാരസ്ഥലം ഒരിക്കലും അനുവദിക്കാനാവില്ല.

ക്രൈസ്തവ സ്ഥാപനങ്ങളിലെ നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്. ക്യാമ്പസുകള്‍ പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങള്‍ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകര്‍ക്കാനോ ഉള്ള സ്ഥലമല്ല. ക്രൈസ്തവസ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നതും ആശങ്കാജനകമാണ്.

ആസൂത്രിതമായ മത അധിനിവേശത്തിന്റെ ഉദാഹരണങ്ങളാണോയെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണം. കേരളത്തില്‍ വിദ്യാഭ്യാസം മതമൗലികവാദത്തിലേക്കും പിന്നീട് ഭീകരതയിലേക്കും വഴിമാറുന്നതിന് സാദ്ധ്യത ഏറെയാണ്. കേരളത്തില്‍ ഇന്ന് സ്ഥിതിഗതികള്‍ അത്ര ശുഭകരമല്ല.

കേരളത്തിലെ ക്യാമ്പസുകള്‍ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദികളാകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകള്‍ കേരളത്തില്‍ ആവശ്യമാണെന്നും സീറോമലബാര്‍ സഭാഅല്‍മായ ഫോറം അഭ്യര്‍ത്ഥിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി, അല്‍മായ ഫോറം സെക്രട്ടറി

 

Latest News