മനുഷ്യക്കടത്തെന്ന് സംശയിച്ച് മുന്നൂറിലധികം ഇന്ത്യന്‍ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ചു. റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സ് നടത്തുന്ന എ 340 ആണ് ഫ്രാന്‍സ് നിലത്തിറക്കിയത്. യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തില്‍ ഇന്ത്യന്‍ വംശജരായ 303 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
യാത്രക്കാരില്‍ മനുഷ്യക്കടത്തിന് ഇരയാവുന്നവരുമുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരെ സാങ്കേതികമായി കരുതല്‍ തടങ്കലില്‍ വെച്ചതായും സ്ഥിതിഗതികള്‍ അന്വേഷിക്കുകയാണെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ തങ്ങാനുള്ള സൗകര്യങ്ങളൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.