വാടക ഗര്‍ഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. 2021ലെ നിയമങ്ങള്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് വിപിന്‍ സംഖി, ജസ്റ്റിസ് സച്ചിന്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. കേസ് നവംബര്‍ 19ന് വീണ്ടും പരിഗണിക്കും. വാടക ഗര്‍ഭപാത്രം, പ്രത്യുത്പാദന സാങ്കേതിക വിദ്യ എന്നിവയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ വിവേചനപരമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
അഭിഭാഷകനായ കരണ്‍ ബല്‍രാജ് മേത്തയും സൈക്കോളജി അധ്യാപിക പങ്കുരി ചന്ദ്രയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ കുട്ടികളുള്ള സ്ത്രീക്കും പുരുഷനും വാടക ഗര്‍ഭധാരണത്തിന് അനുമതിയില്ല. ഇത് ചോദ്യം ചെയ്താണ് ഇരുവരും കോടതിയിലെത്തിയത്. പ്രത്യുല്‍പാദനത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ളതാണെന്നും, ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നുമാണ് ഇരുവരുടെയും വാദം. വാണിജ്യ വാടക ഗര്‍ഭധാരണം മാത്രമാണ് തങ്ങള്‍ക്ക് ലഭ്യമായ ഒരേയൊരു ഓപ്ഷന്‍ എന്നും എന്നാല്‍ വാണിജ്യ വാടക ഗര്‍ഭധാരണത്തിനുള്ള നിരോധനം തങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.