സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ മഴക്കെടുതിയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ സന്ദർശനം നടത്തും. ഓരോ സ്‌കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേല്‍ക്കുക. എന്നാല്‍ മഴക്കെടുതി മൂലം ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് വൃത്തങ്ങള്‍ അറിയച്ചു. അതേസമയം, സപ്ലിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.
മൂന്ന് അലോട്ട്മെന്റുകളില്‍ നിന്നും അഡ്മിഷന്‍ കിട്ടാത്ത കുട്ടികളുടെയും കുറവുള്ള സീറ്റുകളുടെയും കണക്ക്, താലൂക്ക് തലത്തില്‍ എടുക്കാനും നിര്‍ദേശമുണ്ട്. ഇനിയും പ്രശ്നങ്ങളുള്ള മേഖലകൾ ഉണ്ടെങ്കിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേരത്തെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 -നാണ് ക്ലാസുകള്‍ തുടങ്ങിയത്. നേരത്തെ ആരംഭിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതല്‍ അധ്യയനദിവസങ്ങള്‍ ലഭിക്കും. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലെ ഉറപ്പ്.