78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെ ഈ വർഷത്തെ ആഘോഷപരിപാടികൾക്ക് തുടക്കമായി. ദേശീയ പതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്.
വികസിത ഭാരതം @2047 എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് രാജ്യം കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് സംസാരിച്ച പ്രധാന മന്ത്രി രാജ്യം വൈകാതെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അടിമത്ത മനോഭാവം അവസാനിപ്പിക്കാൻ സമയമായി എന്നും പറഞ്ഞു. “ഭരണസംവിധാനം ഇനിയും കൂടുതൽ ശക്തമാകണം. 2047 ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കും. സർവ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകൾ സ്വയം പര്യാപ്തരാണ്. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം നേടിയത് വലിയ മുന്നേറ്റമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ കടന്നുവരും”- മോദി വ്യക്തമാക്കി.
ഒപ്പം രാജ്യത്ത് വിവിധ പ്രകൃതി ദുരന്തങ്ങളിൽ ഇരകളായവരെ പ്രത്യേകം അനുസ്മരിച്ച നരേന്ദ്ര മോദി രാജ്യം അവർക്കൊപ്പമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.