ഉത്തരകാശി ദൗത്യ വിജയത്തില്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുരങ്കത്തില്‍ കുടുങ്ങിയവരുടെ ധൈര്യവും ക്ഷമയും എല്ലാവര്ക്കും പ്രചോദനമാണ്. തൊഴിലാളികള്‍ക്ക് എല്ലാ വിജയവും നല്ല ആരോഗ്യവും നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമെന്നത് വലിയ സംതൃപ്തി നല്‍കുന്നതാണ്.
വെല്ലുവിളി നിറഞ്ഞ സമയത്ത് ഇവരുടെയെല്ലാം കുടുംബാംഗങ്ങള്‍ കാണിച്ച ക്ഷമയും ധൈര്യവും വിലമതിക്കാനാവാത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും അഭിവാദ്യം. രക്ഷാപ്രവര്‍ത്തകരുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്കി. ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും മാനവികതയുടെയും ടീം വര്‍ക്കിന്റെയും മഹത്തായ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാളാണ് പുറത്തേക്കെത്തുന്നത്. 17 ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഒടുവിലാണ് തൊഴിലാളികള്‍ പുറത്തേക്കിറങ്ങുന്നത്.
പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിക്കും.