Monday, November 25, 2024

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേ ഭാരത് ട്രെയിന്റെ ഫ്ളാഗ് ഓഫും 3,200 കോടിയുടെ മറ്റ് വികസന പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നരേന്ദ്രമോദി നിര്‍വഹിക്കും. 10.10-ന് കൊച്ചിയില്‍ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 10.50 വരെ അവിടെ ചിലവിടുകയും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കല്‍ സെക്ഷന്‍ റെയില്‍പ്പാതയും രാജ്യത്തിന് സമര്‍പ്പിക്കും.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി തുടങ്ങിയവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും.

 

Latest News