Tuesday, November 26, 2024

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയില്‍

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ജര്‍മനി, യുഎഇ സന്ദര്‍ശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിച്ചില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും മോദി പ്രസംഗിക്കും.

ജര്‍മനിയില്‍ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം യുഎഇയിലെത്തി അന്തരിച്ച മുന്‍ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സഈദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.

അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളുടെ സംഘടനയാണ് ജി 7. ഇന്ത്യക്കു പുറമെ അര്‍ജന്റീന, ഇന്തോനേഷ്യ, സെനഗള്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളായി ആതിഥേയ രാജ്യമായ ജര്‍മനി ക്ഷണിച്ചിട്ടുണ്ട്. 2019ലെ ഉച്ചകോടിയില്‍ നേരിട്ടും 2021ല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും മോദി പങ്കെടുത്തിരുന്നു.

ജി 7 രാജ്യങ്ങളെല്ലാം ഉള്‍പ്പെട്ട ജി 20 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം ഈ വര്‍ഷാവസാനം ഇന്ത്യ ഏറ്റെടുക്കും. ബ്രിക്‌സ്, ക്വാഡ്, ഐ2യു2 എന്നീ അന്താരാഷ്ട്ര ഗ്രൂപ്പുകളിലും ഇന്ത്യ സജീവപങ്കാളിയാണ്.

 

Latest News