Monday, November 25, 2024

ജി 7 ഉച്ചകോടി; മോദി ഇറ്റലിയിലേക്ക്, മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം

അമ്പാതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ഒപ്പം ഉച്ചകോടിയില്‍ പങ്കെടുക്കും.

ജി 7 നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. യോഗം നടക്കാനിരിക്കെ ഇറ്റലിയില്‍ ഖലിസ്ഥാന്‍ വാദികള്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഇറ്റാലിയന്‍ അധികൃതരുമായി ബന്ധപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം, യുക്രെയിന്‍, എ ഐ തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ഉച്ചകോടിയിലെത്തുക.

 

 

Latest News