ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ , ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്നു. മെയ് 2ന് പുറപ്പെടുന്ന പ്രധാനമന്ത്രി യൂറോപ്പില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ നിലപാടിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിയോജിപ്പുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്. ഡെന്‍മാര്‍ക്കില്‍ നടക്കുന്ന ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഇന്ത്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ് ഫ്രാന്‍സ് എന്നതും രാജ്യം ഭരിക്കുന്ന മാക്രോണിന്റെ സര്‍ക്കാരിന് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലുള്ള താത്പര്യവും കണക്കിലെടുക്കുമ്പോള്‍ മോദിയും മാക്രോണും എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ അന്തര്‍വാഹിനികളുടെയും എയര്‍ക്രാഫ്റ്റ് എഞ്ചിനുകളുടെയും നിര്‍മ്മാണം ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യയില്‍ നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധ0 സൂക്ഷിക്കുന്ന ഇന്ത്യയും ഫ്രാന്‍സും വ്യാപാരം, പ്രതിരോധം, ജനങ്ങളുമായുള്ള ബന്ധങ്ങള്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങി നിരവധി മേഖലകളില്‍ പരസ്പര സഹായത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളും നേരത്തെ പറഞ്ഞിരുന്നു.
ബെര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- ജര്‍മനി സര്‍ക്കാര്‍തല ചര്‍ച്ചകളില്‍ ഇരുവരും അധ്യക്ഷത പങ്കിടും. ഷോള്‍സുമായി മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഒരു വാണിജ്യ ചടങ്ങിലും ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്. ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തോടും പ്രധാനമന്ത്രി സംവദിക്കും.
ജര്‍മനിയില്‍ നിന്ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി കൂടിക്കാഴ്ച നടത്തും. ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും ചര്‍ച്ച നടത്തും. 2021 ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ഡാനിഷ് പ്രധാനമന്ത്രി ഇന്ത്യയെ അടുത്ത പങ്കാളിയായി കണക്കാക്കുന്നുവെന്ന് പറഞ്ഞിരുന്നു. സന്ദര്‍ശന വേളയില്‍, ഇന്ത്യയുമായി ശക്തമായ വ്യാപാര, നയതന്ത്ര, സാംസ്‌കാരിക ബന്ധങ്ങള്‍ സ്ഥാപിക്കാനായി ഫ്രെഡറിക്‌സന്‍ ശ്രമിച്ചിരുന്നു. ഇന്ത്യനോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ഇന്ത്യ ഡെന്മാര്‍ക്ക് ബിസിനസ് ഫോറം, അവിടുത്തെ ഇന്ത്യന്‍ സമൂഹം എന്നിവരുമായും സംവദിക്കും.
ഇന്ത്യനോര്‍ഡിക് ഉച്ചകോടിയില്‍ ഐസ്ലന്‍ഡ് പ്രധാനമന്ത്രി കാതറീന്‍ യാക്കോബ്‌സ്‌ഡോട്ടിര്‍, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗര്‍ സ്റ്റോര്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍.