ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് രോഗസൗഖ്യം ആശംസിച്ചത്. ‘ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’- എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘ഈ മണിക്കൂറുകളില്‍ ലഭിച്ച നിരവധി സന്ദേശങ്ങള്‍ എന്നെ വല്ലാതെ സ്പര്‍ശിക്കുന്നു, ഒപ്പം അടുപ്പത്തിനും പ്രാര്‍ത്ഥനയ്ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പയ്ക്ക് ഏതാനും ദിവസംകൂടി ചികിത്സ തുടരേണ്ടിവരും. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് കോവിഡ് ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി നേരത്തെ സ്ഥിരീകരിച്ചിരുന്നു.