Friday, April 11, 2025

ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് മോദി; പുടിനുമായി ഫോണില്‍ സംസാരിച്ചു

യുക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. പുടിനുമായി മോദി 25 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ നയതന്ത്രതല ആശയവിനമയത്തിന് ധാരണയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യുക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്മാരുടെ പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മോദി റഷ്യന്‍ പ്രസിഡന്റിനെ ധരിപ്പിച്ചു. അവരെ സുരക്ഷിതമായി പുറത്തുകടത്തുന്നതിനും ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനും ഇന്ത്യ മുന്‍ഗണന നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

ആഗോള എണ്ണ വിപണിയിലെ ഇടിവിന് പുറമെ യുക്രൈനിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേത്യത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. യുക്രൈനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുറപ്പാക്കാനുള്ള ശ്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ”അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി ഇന്ത്യ ശക്തമായ ബന്ധം പുലര്‍ത്തുന്നുവെന്നത് ശരിയാണ്, സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. നയതന്ത്ര ചര്‍ച്ചയിലുമാണ് കാര്യങ്ങള്‍ പരിഹരിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അത്തരമൊരു സന്ദര്‍ഭം സൃഷ്ടക്കണമെങ്കില്‍ അതിന് തയാറാണ്” വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശ്രിംഗ്ല ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Latest News