ചൈനയിലും അമേരിക്കയിലും കണ്ടെത്തിയ അപകടകാരിയായ ന്യൂമോണിയരോഗം ഇന്ത്യയിലും സ്ഥിരീകരിച്ചെന്നുള്ള വാര്‍ത്ത വ്യാജമെന്ന് കേന്ദ്രം. ഡൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഏഴ് പേർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതായി വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രആരോഗ്യമന്ത്രാലയം ഇത് തള്ളി രംഗത്തെത്തിയത്.
“രാജ്യത്ത് സാധാരണയായി മൈകോപ്ലാസ്മ ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഒരാളില്‍ പോലും ചൈനയിൽ രൂപം കൊണ്ട ന്യൂമോണിയ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ചൈനയിലെ കുട്ടികളില്‍ വ്യാപകമായി കണ്ടെത്തിയ രോഗം ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്” ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചിരുന്നെങ്കിലും, മുഴുവൻ സ്ഥലങ്ങളും ഇത് നെഗറ്റീവായിരുന്നതായും മന്ത്രാലയം വ്യക്തമാക്കി. പരിശോധനയില്‍ കണ്ടെത്തിയ ന്യുമോണിയ കേസുകൾക്ക് ചൈനയിലെ രോഗ വ്യാപനവുമായി യാതൊരു ബന്ധമില്ലെന്നും, കർശന നിരീക്ഷണം തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു..
കുട്ടികളിൽ അതിവേഗം പടർന്നുപിടിക്കുന്ന ന്യൂമോണിയെ കുറിച്ച് ലോകരാജ്യങ്ങൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ചൈനയാണ് ഈ രോഗത്തിന്റെ ആദ്യ ഉറവിടം. കുട്ടികളെ ന്യൂമോണിയ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ, രോഗ വ്യാപനമുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.