ചൈനയില്‍ ന്യൂമോണിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ ആവശ്യവസ്തുക്കള്‍ കരുതി തയ്യാറെടുപ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
കിടക്കകൾ, മരുന്നുകൾ, ഇൻഫ്ലുവൻസയ്ക്കുള്ള വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ വർധിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നത്. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്ടിന്റെ (ഐഡിഎസ്പി) ജില്ലാ, സംസ്ഥാന നിരീക്ഷണ യൂണിറ്റുകൾ, കുട്ടികളിലും കൗമാരക്കാരിലുമുള്ള രോഗ സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ന്യൂമോണിയ ബാധിതരായ രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും, മൂക്കിലെയും തൊണ്ടയിലെയും സ്രവ സാമ്പിളുകൾ പരിശോധിക്കാനും നിര്‍ദേശമുണ്ട്.
അതേസമയം, ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏവിയൻ ഇൻഫ്ലുവൻസ കേസുകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തിൽപെട്ടതാണെന്നും ഇന്ത്യയിൽ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും കത്തില്‍ വിശദീകരിക്കുന്നു. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും അതിനെ നേരിടാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.