ചൈനയിലെ സ്കൂളുകളിൽ ന്യുമോണിയ വ്യാപകമാകുന്നതായി റിപ്പോർട്ട്. ബീജിംഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവിശ്യയിലെ സ്കൂളുകളിൽ താൽക്കാലികമായി ക്ലാസുകൾ നിർത്തിവച്ചു.
ഒക്ടോബർ ആദ്യംമുതലാണ് ലക്ഷണങ്ങളില്ലാത്ത ന്യുമോണിയ കേസുകളുടെ വർധനവ് ചൈനയിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ മിക്ക ആശുപത്രികളും, രോഗബാധിതരായ കുട്ടികളാൽ നിറഞ്ഞിരിക്കുകയാണെന്ന് തായ്‌വാനീസ് വാർത്താ വെബ്‌സൈറ്റായ എഫ്.ടി.വി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ രോഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല.
കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ചുമയോ, മറ്റു ലക്ഷണങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മുതിർന്നവരിൽ രോഗവ്യാപനം കുറവാണ്. കോവിഡ് മഹാമാരിക്കുപിന്നാലെ ചൈനയില്‍ ന്യുമോണിയ വ്യാപകമായത് ആഗോള ആരോഗ്യവിദഗ്ധർക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.