സരസ്വതി സമ്മാന്‍ പുരസ്‌കാരം മലയാളം കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മക്ക്. ‘രൗദ്ര സാത്വികം’ എന്ന കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 2012 ല്‍ സുഗതകുമാരി ടീച്ചറാണ് അവസാനമായി സരസ്വതി സമ്മാന്‍ പുരസ്‌കാരം നേടിയ മലയാളി. 1995 ല്‍ ബാലാമണിയമ്മും 2005 ല്‍ കെ അയ്യപ്പപ്പണിക്കരുമാണ് ഇതിന് മുമ്പ് സരസ്വതി സമ്മാന്‍ പുരസ്‌കാരം നേടിയത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് സരസ്വതി സമ്മാന്‍. മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം.
അഭിമാനകരമായ നിമിഷമാണെന്നും ലോകത്തിന് മുന്നില്‍ നമ്മുടെ ഭാഷ ഏറ്റവും ശ്രേഷ്ഠമെന്ന് വിളിച്ചു പറയുന്നതാണ് പുരസ്‌ക്കാരമെന്നും പ്രഭാവര്‍മ്മ പ്രതികരിച്ചു. സമുന്നതമായ പുരസ്‌കാരം മലയാള ഭാഷക്ക് ലഭിക്കുന്നതിന് താനൊരു മാധ്യമമായതില്‍ സന്തോഷമാണെന്നും പ്രഭാവര്‍മ്മ കൂട്ടിച്ചേര്‍ത്തു.
രൌദ്ര സാത്വികത്തിന് പുറമേ ശ്യാമമാധവം, കനല്‍ച്ചിലമ്പ് തുടങ്ങി പതിമൂന്ന് കാവ്യസമാഹാരങ്ങളും മുപ്പതോളം കൃതികളും പ്രഭാ വര്‍മ്മയുടേതായിട്ടുണ്ട്. ശ്യാമ മാധവം 2016 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ചലചിത്ര ഗാനരചനയ്ക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടി. മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയാണ് നിലവില്‍ പ്രഭാവര്‍മ്മ. 1991ല്‍ ബിര്‍ല ഫൗണ്ടേഷന്‍ ആണ് സരസ്വതി സമ്മാന്‍ കൊടുത്തു തുടങ്ങിയത്. ഹരിവംശറായി ബച്ചനാണ് ഈ പുരസ്‌കാരം ആദ്യം ലഭിച്ചത്. 22 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇക്കുറി പുരസ്‌ക്കാരത്തിനായി പരിഗണിച്ചു.