ഇറാനില്‍ വീണ്ടും വിഷവാതക ആക്രമണത്തെ തുടര്‍ന്ന് 108 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍പ്പോകുന്നത് തടയാന്‍ വിഷം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ബുധനാഴ്ച തെഹ്റാനില്‍ മൂന്നും അര്‍ദാബില്‍ ഏഴും അടക്കം പത്ത് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അര്‍ദാബിലെ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടികളുടെ നില തൃപ്തികരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ നവംബര്‍ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി 1200ല്‍ ഏറെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയാനും അവരെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നകറ്റാനുമാണ് വിഷവാതക പ്രയോഗം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇറാനിലെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഗേള്‍സ് സ്‌കൂളുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പത്ത് ഗേള്‍സ് സ്‌കൂളിലെ കുട്ടികളാണ് ആശുപത്രിയിലായത്. ഇതില്‍ മൂന്ന് സ്‌കൂളുകള്‍ തലസ്ഥാന നഗരമായ ടെഹ്റാനിലും ഏഴെണ്ണം വടക്കുപടിഞ്ഞാറന്‍ നഗരമായ അര്‍ദാബിലിലുമാണ് സ്ഥിതി ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.