ഖത്തർ ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ പോളണ്ടും പുറത്താക്കാന്‍ ഒരുങ്ങുന്നു. യൂറോ കപ്പ് ക്വാളിഫയർ റൗണ്ടിലെ പോളണ്ട് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി. ചുമതലയേറ്റെടുത്ത് മാസങ്ങൾക്കകമാണ് സീറ്റ് തെറിക്കുന്നത്.
ലോകകപ്പിന് പിന്നാലെ സാന്റോസിനെ പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ജനുവരിയിലാണ് പോളണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത്. എന്നാല്‍ യൂറോ കപ്പ് ക്വാളിഫയർ റൗണ്ടില്‍ ടീം മോശം പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്നാണ് വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ കോച്ചിനെ മാറ്റാനുള്ള തീരുമാനം പോളണ്ട് സ്വീകരിച്ചത്. ഫാബ്രിസിയോ റൊമാനോ എന്നീ പോളിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അവസാന മത്സരത്തിൽ അൽബെനിയയുമായുള്ള തോൽവിയാണ് കടുത്ത നടപടി സ്വീകരിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. യൂറോ ക്വാളിഫയറിൽ ചെറു ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ പോളണ്ടിന് പക്ഷെ ആദ്യ അഞ്ച് മത്സരങ്ങളിൽ വെറും രണ്ടു ജയങ്ങൾ മാത്രമാണുള്ളത്. മൂന്ന് തവണ തോറ്റ ടീം നിലവില്‍ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങൾ കൂടി ശേഷിക്കേ പരിശീലകനെ ഉടൻ പുറത്താക്കി അടുത്തയാളെ നിയമിച്ചേക്കുമെന്നാണ് വിവരം. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ടീമിന്റെ തുടർന്നുള്ള മത്സരങ്ങൾൃ.