എല്ലാ പുരുഷന്മാർക്കും സൈനിക പരിശീലനം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ച് പോളണ്ട്. ഇത്തരത്തിൽ രാജ്യത്തെ എല്ലാ പുരുഷന്മാർക്കും സൈനിക പരിശീലനം നൽകിവരികയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. വരുംമാസങ്ങളിൽ ഇതേക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
“പോളണ്ടിലെ എല്ലാ മുതിർന്ന പുരുഷന്മാർക്കും വലിയ തോതിലുള്ള സൈനിക പരിശീലനം കൊടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ ഒരു മാതൃക തയ്യാറാക്കാൻ ശ്രമിക്കും. ഇതിലൂടെ, ഏതു യുദ്ധസാഹചര്യത്തിലും പോളണ്ടിലെ എല്ലാ മുതിർന്ന പുരുഷന്മാരും വളരെ പരിശീലനം നേടിയ സൈനികരാകും. ഭീഷണി സാധ്യതകൾക്കെതിരെ ഇത് നല്ലൊരു കരുതലായിരിക്കും” – അദ്ദേഹം അറിയിച്ചു.
“യുക്രൈനിൽ ഏകദേശം എട്ടുലക്ഷം സൈനികരുണ്ട്; റഷ്യയ്ക്ക് 1.3 ദശലക്ഷം സൈന്യവും. പോളണ്ടിലെ നിലവിലെ രണ്ടുലക്ഷം സൈന്യത്തിൽനിന്നും അഞ്ചുലക്ഷമായി വർധിപ്പിക്കാനാണ് ശ്രമം” – ടസ്‌ക് പറഞ്ഞു. നിലവിൽ പോളണ്ടിലെ കരുതൽസേന ഉൾപ്പെടെ അര ദശലക്ഷം പേരുടെ സൈന്യം കൂടി ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചു ചിന്തിക്കുകയാണ്. വളരെ പെട്ടെന്നുള്ള ഒരു യുദ്ധത്തിൽ രാജ്യത്ത് സൈന്യത്തിൽ ചേരാത്തവരെപ്പോലും പൂർണ്ണ സജ്ജരാക്കാനുള്ള രീതിയാണ് ഇത്. അത്തരത്തിൽ എല്ലാവർക്കും പരിശീലനം നൽകാനാണ് തീരുമാനമെന്ന് ടസ്‌ക് വെളിപ്പെടുത്തി.
സ്ത്രീകൾക്കും സൈനിക പരിശീലനം ലഭിക്കുമെങ്കിലും യുദ്ധം ഇപ്പോഴും വലിയൊരു പരിധി വരെ പുരുഷന്മാരുടെ മേഖലയാണെന്നും ടസ്‌ക് വ്യക്തമാക്കി. യുറോപ്പിനെ ആണവ കുടക്കീഴിൽ ഉൾപ്പെടുത്താനുള്ള ഫ്രാൻസിന്റെ നിർദേശത്തെ ശ്രദ്ധാപൂർവം പരിശോധിച്ചുവരികയാണ്. സ്വന്തം ആണവായുധശേഖരം ഉപേക്ഷിച്ച ശേഷമാണ് യുക്രൈൻ ആക്രമിക്കപ്പെട്ടതെന്നും ടസ്‌ക് ചൂണ്ടിക്കാട്ടി.