രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ അധിനിവേശത്തിനും നാസികൾ നടത്തിയ ആക്രമണങ്ങൾക്കും 1.3 ട്രില്യൺ ഡോളറിന് തുല്യമായ നഷ്ടപരിഹാരം ആവശ്യപ്പെടും എന്ന് പോളണ്ടിലെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി നേതാവ് ജറോസ്ലാവ് കാസിൻസ്കി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച് 83 വർഷം തികയുമ്പോൾ നാസി ജർമ്മൻ അധിനിവേശത്തിന്റെ വർഷങ്ങളുടെ വിലയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കിയ വേളയിൽ ആണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
“ഞങ്ങൾ റിപ്പോർട്ട് തയ്യാറാക്കുക മാത്രമല്ല തുടർനടപടികൾ സംബന്ധിച്ച തീരുമാനവും എടുത്തിട്ടുണ്ട്. നഷ്ടപരിഹാരത്തിനായുള്ള ചർച്ചകൾക്കായി ഞങ്ങൾ ജർമ്മനിയിലേക്ക് തിരിയുന്നു. എന്നാൽ അത് അത്ര എളുപ്പമല്ല. സുദീർഘമായ ചർച്ചകൾ ആവശ്യമായി വരും. എങ്കിലും വിജയം ഒരിക്കൽ ഞങ്ങൾക്കൊപ്പം എത്തും,”- കാസിൻസ്കി പറഞ്ഞു. സത്യത്തെ അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ പോളിഷ്-ജർമ്മൻ അനുരഞ്ജനത്തിന് ഈ നീക്കം സഹായിക്കുമെന്നും ജർമ്മൻ സമ്പദ്വ്യവസ്ഥയ്ക്ക് ഈ തുക അടയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ യുദ്ധത്തിനു ശേഷമുള്ള വർഷങ്ങളിൽ ഈസ്റ്റ് ബ്ലോക്ക് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതായി ജർമ്മനി വാദിക്കുന്നു. നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം അവസാനിച്ചു എന്നതിൽ സർക്കാരിന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നു എന്ന് ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.