യുക്രെയ്ന്‍ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോള്‍ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിര്‍ത്തി രാജ്യങ്ങള്‍. പോളണ്ടിലെ വാര്‍സോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യുക്രെയ്ന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രെയ്ന്‍ പൗരന്മാര്‍ ക്രാക്കോവിലും 200,000 പേര്‍ വാര്‍സോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങള്‍ക്കും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
റൊമാനിയയില്‍ ആകെ 343,515 യുക്രെയ്ന്‍ പൗരന്മാരാണ് അഭയാര്‍ത്ഥികളായി പ്രവേശിച്ചത്. അതില്‍ 258,844 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000-ത്തിലധികം യുക്രയ്ന്‍ പൗരന്മാര്‍ നിലവില്‍ റൊമാനിയയില്‍ താമസിക്കുന്നു.
ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്നില്‍ സൈനിക നടപടി ആരംഭിച്ചത്. സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതുമുതല്‍, ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് തുടരുകയാണ്. അതിര്‍ത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും യുക്രൈന്‍ അഭയാര്‍ഥികളെ ഇതുവരേയും സ്‌നേഹപൂര്‍വം സ്വീകരിച്ചിട്ടുണ്ട്.