പാക്കിസ്ഥാനില്‍ അറബിക് പ്രിന്റുകളുള്ള കുര്‍ത്ത ധരിച്ചതിന് ജനക്കൂട്ടം യുവതിയെ ആക്രമിച്ചു. പിന്നീട് പോലീസ് വന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റിലെത്തിയ യുവതിയാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്ക് ഇരയായത്. യുവതി ധരിച്ച കുര്‍ത്തയില്‍ പ്രിന്റ് ചെയ്ത അറബിക് അക്ഷരങ്ങള്‍ കണ്ട് ചിലര്‍ ഖുറാന്‍ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണ് കാരണം. ഇതോടെ യുവതി മതനിന്ദ നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം അവരെ വളഞ്ഞു. കുര്‍ത്ത ഉടന്‍ ദേഹത്തുനിന്ന് മാറ്റാന്‍ ജനം ആക്രോശിച്ചതോടെ ചിലര്‍ പോലീസിനെ വിവരമറിയിച്ചു.
സംഭവസ്ഥലത്തെത്തിയ എഎസ്പി സൈയീദ ഷെഹര്‍ബാനോ നഖ്വി ജനക്കൂട്ടവുമായി സംസാരിച്ച് രംഗം ശാന്തമാക്കി. തുടര്‍ന്ന് യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച് ജീപ്പില്‍ കയറ്റികൊണ്ടുപോയി. പോലീസ് ഉദ്യോഗസ്ഥ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെയും ആളുകള്‍ യുവതിക്ക് ചുറ്റും നിന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ യുവതി കൈകൊണ്ട് മുഖം മറയ്ക്കുന്നതിന്റെയും വിഡിയോ പോലീസ് പങ്കുവച്ചിരുന്നു.
അക്രമകാരികളായ ജനത്തോട് അവസരോചിതമായി ഇടപെട്ട വനിതാ ഉദ്യോഗസ്ഥയെ പഞ്ചാബ് പോലീസ് അധികൃതര്‍ അഭിനന്ദിച്ചു. പോലീസ് മെഡലിന് ഇവരുടെ പേര് ശുപാര്‍ശ ചെയ്തതായി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഐജി ഡോ.ഉസ്മാന്‍ അന്‍വര്‍ അറിയിച്ചിട്ടുണ്ട്. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നല്ല ഡിസൈന്‍ ആണെന്ന് തോന്നിയതുകൊണ്ടാണ് കുര്‍ത്ത വാങ്ങിയതെന്ന് പിന്നീട് യുവതി പറഞ്ഞു.