Sunday, November 24, 2024

‘ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി’; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസില്‍ പൊലീസിനെതിരെയാണ് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ തുറന്ന് പറച്ചില്‍.

ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

‘ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും’ ശ്രീലേഖ ഐപിഎസ് പറയുന്നു.

ശ്രീലേഖ ഐപിഎസിന്റെ വാക്കുകള്‍;

2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവര്‍ക്കുമറിയാമല്ലോ. ആ സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ ഒരു സംശയവും തോന്നിയിരുന്നില്ല. പ്രതിയായ പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാള്‍ ജോലി ചെയ്ത എനിക്കിതറിയാമായിരുന്നു.

എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് ഇത് പൊലീസില്‍ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്. കരിയര്‍ ഓര്‍ത്തും കേസിന് പുറകേ പോകണമെന്നും ഓര്‍ത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്തെന്നാണ് അവര്‍ പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നത് കൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളില്‍ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.

പൊലീസ് പള്‍സര്‍ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോര്‍മയുണ്ട്. അന്വേഷണത്തിനിടെ കേസ് തെളിയുന്നു, പ്രതികള്‍ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികള്‍. പള്‍സര്‍ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാല്‍, അയാളെ കൊണ്ട് മറ്റൊരാള്‍ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കില്‍ അയാളത് പറയുമായിരുന്നു. അപ്പോള്‍ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാര്‍ക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.

ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാന്‍ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവര്‍ മുന്‍പും ചെയ്തിട്ടുള്ളത്. ക്വട്ടേഷന്‍ അല്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ സുനിയുടെ സഹതടവുകാരന്‍ ദീലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തല്‍.ജയിലില്‍ കിടന്ന് ഫോണ്‍ ചെയ്യാന്‍ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയില്‍ പോയപ്പോള്‍ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരന്‍ പറഞ്ഞത്…’.ഇതിനൊരിക്കലും ഇടയില്ല എന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.

ഒരാളെ പ്രതി ചേര്‍ക്കുന്നതിലെ തര്‍ക്കത്തില്‍ വിചാരണ അനന്തമായി നീളുന്നു. താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതി. ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നു വന്നത്. ദിലീപിന്റെ അറസ്റ്റില്‍ തെറ്റ് പറ്റി എന്ന് പോലീസ് പറഞ്ഞാല്‍ വിശ്വാസ്യത കൂടുക അല്ലെ ചെയ്യുക. അന്ന് മാധ്യമ സമ്മര്‍ദത്തില്‍ അറസ്റ്റ് ഉണ്ടായി ഇന്നിപ്പോള്‍ തെളിവ് ഇല്ല എന്ന് പറഞ്ഞാല്‍ വിശ്വാസ്യത കൂടുമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

 

Latest News