കത്തി കൈവശം വെച്ചെന്ന് തെറ്റിദ്ധരിച്ച് ആഫ്രിക്കൻ വംശജനായ യുവാവിന് പൊലീസ് വെടിവയ്പ്പില്‍ ദാരുണാന്ത്യം. 36കാരനായ യുഎസിലെ കൊളറാഡോയിൽ ഡെൻവർ സ്വദേശിയായ ബ്രാൻഡൺ കോൾ ആണ് കൊല്ലപ്പെട്ടത്. കോളിന്റെ കയ്യിലുണ്ടായിരുന്ന മാർക്കർ പേന കത്തിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവയുതിര്‍ക്കുകയായിരുന്നു.
ഡെൻവർ പൊലീസ് സ്റ്റേഷന് സമീപം ആഗസ്റ്റ് 5ന് നടന്ന വെടിവയ്പ്പിന്റെ ദൃശങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗാർഹികപീഡന പരാതിയിൽ അന്വേഷണം നടത്താൻ കോളിന്റെ താമസസ്ഥലത്തെത്തിയ പൊലീസ് കോളിനു നേരെ തോക്കു ചൂണ്ടുകയായിരുന്നു.
കോളിനെ പൊലീസ് ചോദ്യം ചെയ്യുന്ന സമയം തന്റെ ഭർത്താവിന് നേരെ തോക്കുചൂണ്ടരുതെന്ന് പൊലീസിനോട് കോളിന്റെ ഭാര്യ പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ഒരു പൊലീസുദ്യോഗസ്ഥൻ ഇയാളെ പിടിച്ചുകൊണ്ടു പോകുന്നതും വീഡിയോയിലുണ്ട്.
പൊലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയ കോൾ പിന്നീട് നെഞ്ചിൽ കൈവെച്ച് ഓടുന്നതായാണ് വീഡിയോയിൽ ഉള്ളത്. ഇത് തോക്കാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിയുതിർക്കുകയും താഴെ വീണ കോളിന്റെ അടുത്ത് നിന്ന് പേന ഉതിർന്നു വീഴുകയുമായിരുന്നു. സംഭവത്തെ വൻ ദുരന്തം എന്നാണ് ഡെൻവർ പൊലീസ് വിശേഷിപ്പിച്ചത്. എന്നാൽ കുറ്റമേറ്റെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കുമെന്നും ഡെൻവർ പൊലീസ് ചീഫ് റോൺ തോമസ് പറഞ്ഞു.