സ്റ്റേഷനിലെത്തുന്നവരെ ഭീതിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് ഹൈക്കോടതി. ഒരു ചുമതലയിലിരിക്കുന്ന ഉദ്യോഗസ്ഥന് താഴെയുള്ളവരെ അസഭ്യം പറയുന്നത് നീതീകരിക്കാനാവില്ല. ജനം എന്തും സഹിക്കുമെന്ന പോലീസിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ല. ജനങ്ങളോട് തട്ടിക്കയറുന്ന പോലീസ് ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. കോടതി ഇത് അതിഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്ഥന് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. സേവനവും സംരക്ഷണവും നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥാനം ജനങ്ങള്‍ക്ക് മുകളിലല്ല. നിലവിലെ അവസ്ഥയില്‍ ഭയത്തോടെയല്ലാതെ ഒരാള്‍ക്ക് പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാനാവുമോയെന്ന് ചോദിച്ചു.
ആര്‍ക്കും അവിടെ പേടിയില്ലാതെ കയറാനുള്ള സാഹചര്യമുണ്ടാകണം. മനുഷ്യത്വത്തോടെ പെരുമാറാന്‍ പോലീസ് എന്നാണ് പഠിക്കുക. കേരളത്തിലെ പോലീസ് രാജ്യത്ത് ഏറ്റവും മികച്ചതാണ്. എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം സേനക്ക് തീരാ കളങ്കമുണ്ടാക്കുന്നു. വെല്ലുവിളികള്‍ നേരിട്ട് മുന്നേറേണ്ട ജോലിയായതിനാല്‍ അനുയോജ്യമായവരെ മാത്രമേ സേനയിലേക്ക് തെരഞ്ഞെടുക്കാവൂവെന്നും കോടതി വാക്കാല്‍ പറഞ്ഞു.