കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ രാഹുല്‍ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം തടഞ്ഞ് പൊലീസ്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബിഷ്ണുപൂരിലാണ് രാഹുലിന്റെ വാഹനവ്യാഹം പൊലീസ് തടഞ്ഞത്. എന്നാല്‍, സുരക്ഷയെ തുടര്‍ന്നാണ് സന്ദര്‍ശനം തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
“തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് തന്റെ വാഹനവ്യൂഹം പോകുമ്പോള്‍ തടയുകയും മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെടുകയുമായിരുന്നു. തന്നെ തടയുകയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ ലക്ഷ്യം.” രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ തന്നെ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഹെലികോപ്റ്ററിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ പൊലീസ് വിശദ്ധീകരണണവുമായി രംഗത്തെത്തി. ബിഷ്ണുപൂരില്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചിലര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ എതിര്‍ത്ത് ‘ഗോ ബാക്ക് രാഹുല്‍’ എന്ന് ആക്രോശിച്ചതായും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നതായും പൊലീസ് വ്യക്തമാക്കി. ‘ഗ്രൗണ്ട് സാഹചര്യം കണ്ടപ്പോഴാണ് ഞങ്ങള്‍ അദ്ദേഹത്തെ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടഞ്ഞത്. ഹെലികോപ്റ്റര്‍ വഴി ചുരാചന്ദ്പൂരിലേക്ക് പോകാന്‍ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി പോകേണ്ട ഹൈവേയില്‍ ഗ്രനേഡ് ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നു,’ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഹെയ്സ്നം ബല്‍റാം സിംഗ് പറഞ്ഞു.