ഗാസയിൽ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ആറ് ലക്ഷത്തിനാൽപതിനായിരം കുട്ടികൾക്ക് ആണ് വാക്സിൻ നൽകുക. 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം ഗാസയിൽ എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനേഷനായി ദിവസവും 8 മണിക്കൂർ നേരത്തേക്ക് വെടിനിർത്താനും തീരുമാനമായി.
25 വർഷത്തിന് ശേഷം ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് ലോകാരോഗ്യ സംഘടന നോക്കിക്കണ്ടത്. പല രാജ്യങ്ങളും നിർമാർജ്ജനം ചെയ്ത പോളിയോ വീണ്ടും ഗാസയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിരമായി പോളിയോ വാക്സിൻ വിതരണം ചെയ്യുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതേ തുടർന്നുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്ന വാക്സിൻ യജ്ഞത്തിന് പിന്നിൽ.
വാക്സിനേഷൻ സംബന്ധമായ ചർച്ചകളെ തുടർന്ന് മൂന്ന് ദിവസത്തേക്കു താൽക്കാലിക വെടിനിർത്തൽ ധാരണയിൽ ഇസ്രായേൽ എത്തി. ഏഴായിരത്തോളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. അതേസമയം പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി രാവിലെ ആറ് മുതൽ മൂന്നു മണി വരെ വെടിനിർത്തൽ ഉണ്ടാകും എന്നും ഇസ്രായേൽ അറിയിച്ചു.