Monday, November 25, 2024

കത്തോലിക്ക കോണ്‍ഗ്രസ് സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക വക്താക്കള്‍: മാര്‍ റാഫേല്‍ തട്ടില്‍

സമകാലിക സാഹചര്യത്തില്‍ കത്തോലിക്ക സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക വക്താക്കള്‍ കത്തോലിക്ക കോണ്‍ഗ്രസ് ആണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമതിയുടെ 2024-27 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാക്കനാടുള്ള സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനം ഒഴിഞ്ഞ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ സംഘടന നടത്തിയ മുന്നേറ്റത്തിന് ഊര്‍ജ്ജം കൂട്ടുവാന്‍ രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിലുള്ള പുതിയ സമതിയ്ക്ക് കഴിയണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടന കരുതലും സ്‌നേഹവും പകര്‍ന്ന് നല്‍കിയപ്പോള്‍ ലോകമെങ്ങുമുള്ള സമുദായ നേതാക്കള്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ കൂടെ അണിനിരന്നു എന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കി. വിദേശ കുടിയേറ്റം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തനം സംഘടിത രീതിയില്‍ ക്രമീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ബെന്നി മുണ്ടനാട്ട്, സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, SMYM ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ യോഗത്തില്‍ ആശംസ അര്‍പ്പിച്ചു.

ഗ്ലോബല്‍ പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറിയായി പ്രൊ. ജോസുകുട്ടി ഒഴുകയില്‍, ട്രെഷററായി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവരും 55 അംഗ ഭാരവാഹി സമതിയും 150 അംഗ ഗ്ലോബല്‍ പ്രവര്‍ത്തക സമതിയും സത്യപ്രതിജ്ഞ ചെയ്തു യോഗത്തില്‍ വച്ച് അധികാരം ഏറ്റെടുത്തു. ശ്രീ വി. വി അഗസ്റ്റിന്‍, ജേക്കബ് മുണ്ടയ്ക്കല്‍, ഡോ. ജോബി കാക്കശ്ശേരി, പ്രൊഫ. KM ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ട്രീസാ ലിസ് ബെബാസ്റ്റ്യന്‍, ബെന്നി ആന്റെണി, ഡേവീസ് എടകളത്തൂര്‍, ബെന്നി മാത്യു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

Latest News