Friday, May 16, 2025

രാഷ്ട്രീയം കുലീനമാണ്

‘രാഷ്ട്രത്തെ സംബന്ധിച്ചത്’ എന്നർത്ഥമുള്ള രാഷ്ട്രീയം എന്ന പദം ഏറെ ബഹുമാനത്തോടെ മാത്രമേ ഉപയോഗിക്കാവൂ എന്നു നിർബന്ധമുള്ളയാളാണ് ഞാൻ. രാഷ്ട്രീയം പവിത്രവും ഭാവാത്മകവും സർഗാത്മകവും സമന്വയസ്വഭാവമുള്ളതും സത്യസന്ധവുമാണ്. വിവിധ വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും പൊതു നന്മ നേടുന്നതിനുമുള്ള ഒരു ജനാധിപത്യമാർഗമാണ് രാഷ്ട്രീയം. എല്ലാ പൗരന്മാർക്കും അതിൽ ഒരുപോലെ അവകാശവും ഉത്തരവാദിത്വവും ഉണ്ട്.

എന്നാൽ, രാഷ്ട്രീയം എന്ന പേരിൽ ഇന്ന് നാട്ടിൽ നടക്കുന്നത് വെറും പാർട്ടീയം ആണ് എന്നതാണ് വാസ്തവം. അണികളെയും ഗുണ്ടകളെയും കളത്തിലിറക്കിയും വർഗീയ പ്രീണനം നടത്തിയും അഴിമതിക്ക് കുടപിടിച്ചും അഴുക്കുള്ള പണമൊഴുക്കിയും ഭരണം പിടിച്ചെടുക്കാൻ തല്പരകക്ഷികൾ നടത്തുന്ന കസർത്തിനെ പാർട്ടീയം എന്നല്ലാതെ എന്തു വിളിക്കാൻ? അക്കാരണത്താൽ, കള്ളം പറച്ചിലുകളും വ്യാജവാഗ്ദാനങ്ങളും തമസ്കരണങ്ങളും ദുർവ്യാഖ്യാനങ്ങളും പരസ്പരമുള്ള ചെളി വാരിയെറിലുകളും ഇക്കൂട്ടർക്കിടയിൽ നോർമൽസി തന്നെ.

അതിനാൽ, ഇന്നലെ ചെറായിയിൽ നടന്ന ഐക്യദാർഢ്യ സദസ്സിൽ പ്രതിപക്ഷ നേതാവു നടത്തിയ പ്രസംഗത്തിൽ, പത്തു മിനിറ്റു പരിഹാരം എന്ത് എന്നതിന് അദ്ദേഹം നല്കിയ വിശദീകരണം മാത്രമാണ് ശ്രദ്ധാർഹമായി തോന്നിയത്. അദ്ദേഹം പറഞ്ഞത് ഇതാണ്: “സംസ്ഥാന ഗവൺമെന്റ് സെക്ഷൻ 97 അനുസരിച്ച് വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടാൽ മതി. ഇതു വഖഫ് ഭൂമിയല്ല എന്ന നിലപാട് വഖഫ് ബോർഡ് എടുക്കണം എന്ന് ആവശ്യപ്പെട്ടാൽ മതി. ആ ഓർഡർ അടിച്ചെടുക്കാനുള്ള നേരമാണ് ഞാൻ പറഞ്ഞ പത്തു മിനിറ്റ്.” ആദ്യമായിട്ടാണ് കുപ്രസിദ്ധമായ “പത്തു മിനിറ്റ്” പ്രയോഗത്തെ സംബന്ധിച്ച വിശദീകരണം അദ്ദേഹത്തിൽ നിന്ന് ഞാൻ കേൾക്കുന്നത്. ഇത്രയ്ക്കു പ്രമാദമായ ഒരു വിഷയത്തിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം വെളിപ്പെടുത്തുന്ന സെക്ഷൻ 97 പഠിക്കേണ്ടത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു.

എന്താണ് സെക്ഷൻ 97?

1995ലെ വഖഫ് ആക്ടിൽ ഉള്ള ഈ സെക്ഷന്റെ മലയാളം പരിഭാഷ ഇതാണ്: “സെക്ഷൻ 96 പ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏതെങ്കിലും നിർദ്ദേശങ്ങൾക്ക് വിധേയമായി, കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരിന് ഉചിതമെന്ന് കരുതുന്ന പൊതുവായ അല്ലെങ്കിൽ പ്രത്യേക നിർദ്ദേശങ്ങൾ ബോർഡിന് നൽകാം, കൂടാതെ ബോർഡ് അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ അത്തരം നിർദ്ദേശങ്ങൾ പാലിക്കണം”

2013-ലെ ഭേദഗതിയിൽ മേൽ പറഞ്ഞ സെക്ഷനോട് കൂട്ടിച്ചേർത്ത ഭാഗവും കൂടി കാണാം: “എന്നാൽ ഏതെങ്കിലും വഖഫ് രേഖയ്ക്കോ വഖഫിന്റെ ഏതെങ്കിലും പ്രയോഗത്തിനോ ആചാരത്തിനോ വിരുദ്ധമായി സംസ്ഥാന സർക്കാർ ഒരു നിർദ്ദേശവും പുറപ്പെടുവിക്കരുത്.” അതായത്, വഖഫ് രേഖയായി വഖഫ് ബോർഡ് അംഗീകരിച്ചു കഴിഞ്ഞതിൽ വഖഫ് പറഞ്ഞിട്ടുള്ളതിന് വിരുദ്ധമായി ഒരു നിർദ്ദേശവും സർക്കാർ നൽകാൻ പാടില്ല എന്നർത്ഥം! കേരള സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ റദ്ദു ചെയ്തു കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ദരിച്ചത് (ഖണ്ഡിക 30) ഈ ക്ലോസ് ആയിരുന്നു എന്ന് ഓർക്കുക.

സെക്ഷൻ 97 മനസ്സിലാകണമെങ്കിൽ സെക്ഷൻ 96 കൂടി നമ്മൾ ഗ്രഹിക്കണം. അതിന്റെ മലയാള പരിഭാഷ ചുവടെ ചേർക്കുന്നു:

96 (1) വഖഫിന്റെ മതേതര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റിന് താഴെപ്പറയുന്ന അധികാരങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരിക്കും:

(എ) വഖഫിന്റെ മതേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതുവായ തത്വങ്ങളും നയങ്ങളും നിർണ്ണയിക്കുക.

(ബി) കേന്ദ്ര വഖഫ് കൗൺസിലിന്റെയും ബോർഡിന്റെയും മതേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക;

(സി) വഖഫിന്റെ മതേതര പ്രവർത്തനങ്ങളുടെ ഭരണം പൊതുവെ അവലോകനം ചെയ്യുക, എന്തെങ്കിലും മെച്ചപ്പെടുത്തലുകൾ ആവശ്യമെങ്കിൽ നിർദ്ദേശിക്കുക.

(2) സബ് സെക്ഷൻ (1) പ്രകാരം അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും പ്രയോഗിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഏതെങ്കിലും ബോർഡിൽ നിന്ന് ആനുകാലികമോ അല്ലാത്തതോ ആയ ഏതു റിപ്പോർട്ടുകളും ആവശ്യപ്പെടാം. കൂടാതെ, കേന്ദ്രസർക്കാരിന് ഉചിതമെന്ന് തോന്നുന്ന നിർദ്ദേശങ്ങൾ ബോർഡിനു നൽകുകയും ചെയ്യാം. അത്തരം നിർദ്ദേശങ്ങൾ ബോർഡ് പാലിക്കേണ്ടതാണ്. ‘മതേതര പ്രവർത്തനങ്ങൾ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളും മറ്റ് ക്ഷേമപ്രവർത്തനങ്ങളും ആണ് എന്ന ഒരു വിശദീകരണവും ഈ സെക്ഷന്റെ അവസാനം കാണാം.

സെക്ഷൻ 97ഉം മുനമ്പവും

മേൽ പറഞ്ഞ 97-ാം സെക്ഷൻ അനുസരിച്ച്, മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഈ സംസ്ഥാന സർക്കാരിനോ വരാനിരിക്കുന്ന സർക്കാരുകൾക്കോ സാധിക്കില്ല എന്നു പട്ടാപ്പകൽ പോലെ സുവ്യക്തം! പിന്നെ, എന്തിനാണ് ഒരു അഡ്വക്കേറ്റ് ആയ ശ്രീ. വി.ഡി. സതീശൻ ഇത്തരം പച്ചക്കള്ളം ഇന്നലെ പരസ്യമായി വിളിച്ചു പറഞ്ഞത് എന്ന ചോദ്യമുന്നയിക്കാൻ ഞാൻ തുനിയുന്നില്ല. കാരണം, മുനമ്പം വിഷയത്തിനും വഖഫ് നിയമത്തിനും തമ്മിൽ ബന്ധമൊന്നുമില്ല എന്ന പച്ചക്കള്ളം പറഞ്ഞതും ഇതേ അധരങ്ങളായിരുന്നു!

എന്തിനും ഏതിനും കൈയടിക്കാനും മുദ്രാവാക്യം വിളിക്കാനും കൊടി പിടിക്കാനും തയ്യാറുള്ള, സ്വതന്ത്രചിന്തയില്ലാത്ത ഏതാനും പാർട്ടിയടിമകളെ കണ്ട്, പൊതുജനം വെറും കഴുതയാണ് എന്ന ചിന്തയാണ് പാർട്ടി നേതൃത്വങ്ങൾ വച്ചുപുലർത്തുന്നതെങ്കിൽ, മഹാ കഷ്ടം എന്നേ രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും സ്നേഹിക്കുന്ന, ചിന്താശീലരും പഠനതത്പരരുമായ പൗരന്മാർക്കു പറയാനുള്ളൂ.

ഫാ. ജോഷി മയ്യാറ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News