2024 -ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മിസോറാമിലും ഛത്തീസ്ഗഡിലും പോളിംഗ് ആരംഭിച്ചു. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലെ 40 സീറ്റുകളിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലുമാണ് ഇന്ന് ജനം വിധിയെഴുതുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമാണ് മിസോറം. 8.57 ലക്ഷത്തിലധികം വോട്ടർമാരുള്ള സംസ്ഥാനത്ത് 174 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 16 പേർ വനിതാ സ്ഥാനാർഥികളാണ്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിൾസ് പാർട്ടി മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. 600 -ലധികം പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷാകവചമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയിലെ 20 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതില്‍ 12 നിയമസഭാമണ്ഡലങ്ങള്‍ നക്‌സൽബാധിത പ്രദേശങ്ങളാണ്. ഇവിടെയും 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിൽ സര്‍വേഫലങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമാണ്. കര്‍ഷക ക്ഷേമപദ്ധതികള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മോദി പ്രഭാവം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറിൽ ഇന്നലെ സ്ഫോടനം ഉണ്ടായി. ഒരു ബി.എസ്.എഫ് കോൺസ്റ്റബിളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ അടുത്ത മാസം 3 -ന് നടക്കും.