‘കഠിനസാഹചര്യത്തിൽ വളരുന്നവർ നല്ല സാമർഥ്യമുള്ളവരായിരിക്കും’ എന്ന് പറയാറുണ്ട്. പഴങ്ങളിൽ മാതളനാരങ്ങയും ഇതേ സ്വഭാവഗുണമുള്ളവയാണ്. കാരണം ഏതു കഠിനമായ സാഹചര്യങ്ങളിൽ വിളയാനും വളരാനും മാതളനാരങ്ങയ്ക്കാകും. അതിനാൽതന്നെ നിരവധി ഗുണങ്ങളും ഇവയ്ക്കുണ്ട്.
മാതളനാരങ്ങയിൽ, അറിയപ്പെടുന്നതിൽവച്ച് ഏറ്റവും വലുതും ശക്തവുമായ പോളിഫെനോൾ ആന്റിഓക്‌സിഡന്റ് ഉണ്ട്. നമ്മുടെ കുടലിൽ എത്തുമ്പോൾ ഈ പോളിഫെനോൾ ചെറിയ തന്മാത്രകളായി വിഘടിച്ച് രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നു. മാതളനാരങ്ങ പഴം മുഴുവനായും അമർത്തിയാൽ ഈ സംയുക്തങ്ങൾ ജ്യൂസായി ആഗിരണം ചെയ്യാൻ കഴിയും. മാതളനാരങ്ങ കഴിക്കുമ്പോൾ, പഴത്തിന്റെ ഭൂരിഭാഗവും ദഹനനാളത്തിലേക്കും പിന്നീട് വൻകുടലിലേക്കും പോകുന്നു. ക്ഷീണം കുറയ്ക്കുക, വീക്കം തടയുക, ഹൃദയസംബന്ധമായ തകരാറുകൾ തടയുക തുടങ്ങിയ ഫലങ്ങൾ അവ നൽകുന്നു.
രോഗപ്രതിരോധ ശേഷിയും കുടലിന്റെ ആരോഗ്യവും
നമ്മുടെ കുടലിൽ 100 കോടിയിലധികം ബാക്ടീരിയകളുണ്ട്. ചിലത് നല്ലതും ചിലത് ചീത്തയുമാണ്. പഴങ്ങളും പച്ചക്കറികളും പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളാൽ പോഷിപ്പിക്കപ്പെടുമ്പോൾ ആരോഗ്യമുള്ള കുടലിന് അവ കാരണമാകുന്നു. ബാക്ടീരിയ വളരുന്നതു തടയാൻ മാതളനാരങ്ങയിലെ സംയുക്തങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നു എന്ന് ഡോക്ടർമാർ പറയുന്നു.
രോഗപ്രതിരോധത്തിനും മാതളനാരങ്ങ ഏറെ ഗുണകരമാണ്. ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റും വിറ്റാമിൻ സി യും അടങ്ങിയിരിക്കുന്നതിനാൽ മാതളനാരങ്ങ കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വർധിക്കുന്നു. കൂടാതെ, അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
ചർമ്മത്തിന് ഏറെ പ്രയോജനം ചെയ്യുന്നു
മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിന് വളരെ മികച്ചതാണ്. മാതളനാരങ്ങ ജ്യൂസ് ആന്തരിക സൺസ്‌ക്രീനായി പ്രവർത്തിക്കുകയും ചർമ്മത്തെ ഉള്ളിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളതിനാൽ മാതളനാരങ്ങ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുക, ചർമ്മത്തിന് തിളക്കം നൽകുക, മുഖക്കുരു, വീക്കം തുടങ്ങിയ ചർമ്മ അവസ്ഥകളെ ഫലപ്രദമായി നിയന്ത്രിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഓർമ്മശക്തിക്ക് മികച്ചത്
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ്, പ്രത്യേകിച്ച് മധ്യവയസ്‌കരിലും പ്രായമായവരിലും ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ, തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കാനുള്ള കഴിവ് ഇതിനു കാരണമാകാം. മാതളനാരങ്ങ ജ്യൂസിൽ നിന്നുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുകയും മെമ്മറി നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
മാതളനാരങ്ങയുടെ മറ്റു ചില ഗുണങ്ങൾ
- ഹൃദയാരോഗ്യ ഗുണങ്ങൾ
- കാൻസർ പ്രതിരോധം
- മൂത്രാശയ രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നു
- ദഹന ആരോഗ്യം മികച്ചതാക്കുന്നു
- മോണരോഗത്തിനും വായ്‌നാറ്റത്തിനും പരിഹാരം