Friday, April 4, 2025

വജ്ര ജൂബിലി നിറവില്‍ പാലസ്തീനിലെ പൊന്തിഫിക്കല്‍ മിഷന്‍

പാലസ്തീനിലെ ജനതയ്ക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പൊന്തിഫിക്കല്‍ മിഷന്‍ സംഘടന. പന്ത്രണ്ടാം പീയൂസ് പാപ്പയുടെ കാലത്താണ് പൊന്തിഫിക്കല്‍ മിഷന്‍ പാലസ്തീനില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ മാസം പതിനേഴാം തീയതി ജോര്‍ദാനിലെ അപ്പസ്‌തോലികപ്രതിനിധി ആര്‍ച്ചുബിഷപ്പ് ജാന്‍പിയെത്രോ ദല്‍ തോസോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടന്നു.

അമ്മാനിലെ പടിഞ്ഞാറന്‍പ്രദേശമായ സ്വീഫിഹില്‍ നസറത്തിലെ പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിച്ചിരിക്കുന്ന ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നിരവധി വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിച്ചു. പാലസ്തീനിലെ പൊന്തിഫിക്കല്‍ മിഷന്‍ ഡയറക്ടര്‍ ജനറല്‍ റെയ്ദ് അല്‍-ബാഹോയും നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

പന്ത്രണ്ടാം പീയൂസ് പാപ്പയുടെ നിര്‍ദേശാനുസരണം പാലസ്തീന്‍ ജനതയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1948-ലെ അറബ് – ഇസ്രായേല്‍ യുദ്ധത്തില്‍ പാലസ്തീനിലെ ആളുകള്‍ നേരിട്ടത് ഭീകരമായ അവസ്ഥകളായിരുന്നു. ഇതേ തുടര്‍ന്ന് 1949 ഏപ്രിലില്‍, കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ദേശീയ സെക്രട്ടറിയായ റോമിലെ മോണ്‍സിഞ്ഞോര്‍ തോമസ് ജെ. മക്മഹോണിനെ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ വിളിച്ചുവരുത്തി. പാലസ്തീനിനായി ഒരു പ്രത്യേകദൗത്യം സംഘടിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മാര്‍പാപ്പ അദ്ദേഹത്തെ അറിയിക്കുകയും അതിന്റെ പ്രസിഡന്റായി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തു.

1949 ജൂണ്‍ 18-ന്, ഓറിയന്റല്‍ ചര്‍ച്ചിനുവേണ്ടിയുള്ള സേക്രഡ് കോണ്‍ഗ്രിഗേഷന്റെ സെക്രട്ടറി യൂജിന്‍ കര്‍ദിനാള്‍ ടിസെറന്റ്, പരിശുദ്ധ പിതാവ് പാലസ്തീനുവേണ്ടി ഒരു പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപിക്കുകയും അതിന്റെ കഴിവ് വ്യക്തമാക്കുകയും ചെയ്തുകൊണ്ട് ഒരു നിര്‍ദേശം പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് പാലസ്തീനിലെ പൊന്തിഫിക്കല്‍ മിഷന്‍ ആരംഭിച്ചത്.

പാലസ്തീനിനായുള്ള പൊന്തിഫിക്കല്‍ മിഷന്റെ ഫീല്‍ഡ് ആസ്ഥാനം ബെയ്‌റൂട്ടില്‍ സ്ഥാപിതമായി. പിന്നീട് ജറുസലേമിലും അമ്മാനിലും ഓഫീസുകള്‍ സ്ഥാപിക്കപ്പെട്ടു.

Latest News