തുർക്കി പോലുള്ള സ്ഥലങ്ങളിൽ ഇടവക വൈദികർക്ക് നിലവിൽ ധനസഹായം (സ്റ്റൈപ്പൻഡ്) നൽകാൻ സാമ്പത്തികം ഇല്ലാത്ത സാഹചര്യമാണ്. ജനസംഖ്യയുടെ 0.1% മാത്രം ക്രിസ്ത്യാനികളുള്ള തുർക്കിയിൽ കത്തോലിക്കാ പുരോഹിതർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പലപ്പോഴും സാമ്പത്തിക പിന്തുണയില്ലാതെ ബുദ്ധിമുട്ടുന്ന സമൂഹങ്ങളെ ശുശ്രൂഷിക്കുന്ന സാഹചര്യത്തിൽ, എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) ൽ നിന്നുള്ള സ്റ്റൈപ്പന്റുകൾ ഐക്യദാർഢ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ്.
“കർത്താവിന്റെ ബലിപീഠത്തിലേക്കു കയറുമ്പോൾ ഞങ്ങൾ നിങ്ങളെ മറക്കുന്നില്ല” – ഇസ്താംബൂളിലെ അപ്പസ്തോലിക് വികാരിയേറ്റിൽ സേവനമനുഷ്ഠിക്കുന്ന 26 പുരോഹിതന്മാരിലൊരാളായ ഫാ. മാസിമിലിയാനോ ടെസ്റ്റി പറയുന്നു. ഇറ്റലിയിൽ നിന്നുള്ള ഫാ. മാസിമിലിയാനോ, ഒരുകാലത്ത് ആദ്യകാല ക്രിസ്തുവിശ്വാസത്തിന്റെ കളിത്തൊട്ടിലായിരുന്ന തുർക്കിയിൽ സേവനമനുഷ്ഠിക്കുന്ന വൈദികനാണ്.
“എല്ലാവരിലേക്കും എത്തിച്ചേരാൻ ഞങ്ങൾക്കു കഴിയുന്നില്ല” – തുർക്കിയിലെ ചെറിയ കത്തോലിക്കാ പുരോഹിതന്മാർ നേരിടുന്ന വെല്ലുവിളി വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കുർബാന സ്റ്റൈപ്പന്റുകൾ (ഒരു കുർബാന ചൊല്ലുന്നതിനായി നിയോഗത്തോടെ നൽകുന്ന പണം) വളരെക്കാലമായി വിശ്വാസികൾ പുരോഹിതന്മാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്. എന്നാൽ തുർക്കി പോലുള്ള സ്ഥലങ്ങളിൽ, ഇടവകകൾക്ക് അവരുടെ പുരോഹിതന്മാരെ നിലനിർത്താൻ പണമില്ല.
പേര് വെളിപ്പെടുത്താത്ത ഒരു പുരോഹിതൻ അഭയാർഥി കുടുംബങ്ങളും ആഫ്രിക്കൻ വിദ്യാർഥികളുമടങ്ങുന്ന ഒരു ഇടവകയെ സേവിക്കുന്നു. “ഇടവകയെ പരിപാലിക്കുന്നതിന് ഞങ്ങൾക്ക് പ്രാദേശിക സഹായമൊന്നും ലഭിക്കുന്നില്ല” – അദ്ദേഹം വിശദീകരിക്കുന്നു. “നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എന്റെ അഗാധമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – ഇസ്താംബൂളിലെ ബിഷപ്പ് മാസിമിലിയാനോ പാലിനുറോ എ സി എന്നിന്റെ അഭ്യുദയകാംക്ഷികൾക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടു പറഞ്ഞു.
2024 ൽ മാത്രം, എ സി എൻ ലോകമെമ്പാടുമുള്ള നാൽപതിനായിരത്തിലധികം വൈദികരെ കുർബാന സ്റ്റൈപ്പൻഡുകൾ നൽകി പിന്തുണച്ചു.