ഏകദിന ടി-20 ലോകകപ്പുകളിലെ മുൻചാമ്പ്യന്മാരായിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ഏകദിന ലോകകപ്പിലെ മോശം പ്രകടനം തിരിച്ചടിയാകുന്നു. ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ ഇംഗ്ലണ്ട് കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെ നിലവിലെ ചാമ്പ്യന്മാർക്ക് 2025 -ലെ ചാമ്പ്യൻസ് ട്രോഫി മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
ചാമ്പ്യൻസ് ട്രോഫിക്കായി ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ഐ.സി.സി പുതിയ യോഗ്യതാ മാനദണ്ഡം മുന്നോട്ടുവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പോയിന്റ് ടേബിളിൽ നിലവിൽ അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പ്രതീക്ഷകൾ മങ്ങുന്നത്. ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ട് കഴിയുമ്പോൾ ആദ്യ ഏഴ് സ്ഥാനക്കാരാകുന്ന ടീമുകൾ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുമെന്നതാണ് പുതിയ രീതി.
നിലവിലെ പോയിൻറ് പട്ടിക അനുസരിച്ച് ആതിഥേയരാഷ്ട്രമായ പാക്കിസ്ഥാനും എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിന് യോഗ്യത ലഭിക്കും. അങ്ങനെയെങ്കിൽ ഇംഗ്ലണ്ടില്ലാതെ 2025 -ലെ ചാമ്പ്യൻസ് ട്രോഫി നടക്കും. അതിനാൽതന്നെ ഇംഗ്ലണ്ട് ടീമിന് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണെന്നാണ് ഇ.എസ്.പി.എൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട്.