Saturday, November 23, 2024

മുൻ മ്യാന്മർ പ്രധാനമന്ത്രി ഓങ് സാൻ സൂചിയുടെ മോചനത്തിനായി ആഹ്വാനം ചെയ്ത് മാർപാപ്പ

തടവിലാക്കപ്പെട്ട മ്യാന്മർ മുൻ പ്രധാനമന്ത്രി ഓങ് സാൻ സൂചിക്ക് വത്തിക്കാനിൽ അഭയം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇന്തോനേഷ്യയിൽ ജെസ്യൂട്ട് വൈദികരുമായി നടത്തിയ കൂടിക്കാഴ്ച്ചാവേളയിലാണ് പാപ്പയുടെ ഈ വെളിപ്പെടുത്തൽ.

“ഓങ് സാൻ സൂചിക്ക് വത്തിക്കാനിൽ അഭയം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സൂചിയുടെ മോചനത്തിനായി ഞാൻ ആഹ്വാനം ചെയ്യുകയും അവരുടെ മകനെ റോമിൽ സ്വീകരിക്കുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതുമുതൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി ഒരു പ്രതീകമാണ്. രാഷ്ട്രീയപ്രതീകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്” – ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തി.

സെപ്റ്റംബർ രണ്ടു മുതൽ 13 വരെ തീയതികളിൽ തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാലു രാജ്യങ്ങളിലേക്കുള്ള തന്റെ പര്യടനത്തിനിടെ ജക്കാർത്തയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ ഇരുനൂറോളം ജസ്യൂട്ടുകളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് മ്യാന്മറിലെ സ്ഥിതിഗതികളെക്കുറിച്ച് മാർപാപ്പ സംസാരിച്ചത്. 2021-ലെ അട്ടിമറിക്കുശേഷം മ്യാന്മർ പ്രക്ഷുബ്ധമാണ്. 2020 നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട 1991-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് ഓങ് സാൻ സൂചി മൂന്നുവർഷം മുമ്പ് സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതുമുതൽ മ്യാന്മർ അക്രമാസക്തമായ സംഘർഷത്തിലാണ്.

Latest News