ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളേയും മറികടക്കാന്‍ ദൈവത്തിലേക്ക് തിരിയണമെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു പാപ്പാ.
യുക്രെയ്ന് ജനതയ്ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ മാര്‍പാപ്പ രാജ്യത്തെ ജനതയെ രക്തസാക്ഷികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘര്‍ഷങ്ങള്‍ സമൂഹത്തില്‍ നിലനില്ക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകത്തില്‍ അപകട സാധ്യത ഏറെയാണെന്നും മാര്‍പാപ്പ പറഞ്ഞു.
ശ്വാസ തടസത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ആശുപത്രി വിട്ട ഫ്രാന്‍സിസ് മാര്‍പാപ്പ ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. റോമിലെ ശക്തമായ തണുപ്പിനെ തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുറത്തുള്ള ചടങ്ങുകളില്‍ മാര്‍പാപ്പ പങ്കെടുത്തില്ല.