‘എന്റെ പശ്ചാത്താപ തീര്‍ത്ഥാടനത്തിന്റെ ആദ്യപടി നിങ്ങളോട് വീണ്ടും ക്ഷമ ചോദിക്കുക എന്നതാണ്. അതിനായിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ വേദനയില്‍ ആഴമായ ദുഃഖം ഞാന്‍ അറിയിക്കുന്നു.’ എഡ്മന്റണില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ തെക്ക് ഭാഗത്തുള്ള ഒരു ഗ്രാമീണ പട്ടണമായ മാസ്ക്വാസിസിലെ വേദിയിലെത്തിയ പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചത് ഇപ്രകാരമാണ്. പ്രസംഗ വേദിയിലേക്ക് മാര്‍പ്പാപ്പ കയറിയത് തന്നെ നിരവധി വിദ്യാര്‍ത്ഥികളുടെ ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്ന മുന്‍ എര്മിന്സ്കിന് റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ സ്ഥലത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ്.
ജൂലൈ 24-ന് കാനഡയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് എത്തിയതിന് ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ പൊതുപ്രസംഗമായിരുന്നു ഇത്. ‘എന്റെ അനുതാപ തീര്‍ത്ഥാടനത്തിന്റെ ആദ്യപടി നിങ്ങളോട് വീണ്ടും ക്ഷമ ചോദിക്കുക എന്നതാണ്. അതിനായിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ വേദനയില്‍ ആഴമായ ദുഃഖം ഞാന്‍ അറിയിക്കുന്നു. തദ്ദേശീയ ജനതകളെ അടിച്ചമര്‍ത്തുന്ന ശക്തികളുടെ കോളനിവത്ക്കരണ ചിന്താഗതിയെ പല ക്രിസ്ത്യാനികളും പിന്തുണച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. അക്കാലത്തെ ഗവണ്മെന്റുകളുടെ അറിവോടെ നടന്ന സാംസ്കാരിക നാശത്തിന്റെയും നിര്‍ബന്ധിത സ്വാംശീകരണത്തിന്റെയും പദ്ധതികളില്‍ കത്തോലിക്കരായ ആളുകളും ഭാഗമായതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു’. പാപ്പാ പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പാ തന്റെ ക്ഷമാപണത്തെ രോഗശാന്തിയുടെ പാതയിലെ ഒരു ‘ആരംഭ ഘട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. മുന്‍കാലങ്ങളില്‍ നടന്ന വസ്തുതകളെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണം റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്ന് രക്ഷപ്പെട്ടവരെ അവര്‍ അനുഭവിച്ച ആഘാതങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്നതാണെന്നും പാപ്പാ ഓര്‍മ്മിച്ചു.
‘കുട്ടികളോടുള്ള ബഹുമാനത്തിന്റെയും കരുതലിന്റെയും ശ്രദ്ധേയമായ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, റെസിഡന്‍ഷ്യല്‍ സ്കൂളുകളുമായി ബന്ധപ്പെട്ട നയങ്ങളുടെ മൊത്തത്തിലുള്ള ഫലങ്ങള്‍ വിനാശകരമായിരുന്നു. ഇത് വിനാശകരമായ ഒരു തെറ്റും ക്രിസ്തുവിന്റെ സുവിശേഷവുമായി പൊരുത്തപ്പെടാത്തതായിരുന്നു’. പാപ്പാ പറഞ്ഞു. നിങ്ങളുടെ ജനതയുടെ ആധികാരിക സ്വത്വത്തെ രൂപപ്പെടുത്തിയ മൂല്യങ്ങളുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ഉറച്ച മണ്ണ് എങ്ങനെ ചോര്‍ന്നുപോയി എന്നും അതിന്റെ പ്രതിഫലനങ്ങള്‍ നിങ്ങള്‍ തുടര്‍ന്നും അനുഭവിക്കുകയാണെന്നും ഉള്ള ചിന്ത വേദനാജനകമാണ്.
‘ഈ നിന്ദ്യമായ തിന്മയുടെ മുന്നില്‍, സഭ ദൈവമുമ്പാകെ മുട്ടുകുത്തി, തന്റെ മക്കളുടെ പാപങ്ങള്‍ക്കായി ക്ഷമ ചോദിക്കുന്നു. അനേകം ക്രിസ്ത്യാനികള്‍ തദ്ദേശീയരായ ജനങ്ങള്‍ക്കെതിരെ ചെയ്ത തിന്മയെ പ്രതി ഞാന്‍ താഴ്മയോടെ ക്ഷമ ചോദിക്കുന്നു’. പാപ്പാ ഏറെ വേദനയോടെ പറഞ്ഞു.
‘ഞങ്ങളുടെ ക്ഷണമനുസരിച്ച്, അങ്ങ് വാഗ്ദാനം ചെയ്തതുപോലെ, പാപ്പാ ഞങ്ങളുടെ നാട്ടിലേക്ക് വന്നിരിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും രോഗശാന്തിയുടെയും അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും പാതയില്‍ ഞങ്ങളോടൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു തീര്‍ഥാടകനായാണ് വരുന്നതെന്ന് അങ്ങു പറഞ്ഞു. ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ചേരാന്‍ ഞങ്ങള്‍ അങ്ങയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു’. കനേഡിയന്‍ തദ്ദേശീയ സമൂഹത്തിന്റെ നേതാവ് വില്‍ട്ടണ്‍ ലിറ്റില്ചൈല്ഡ് പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു.
2022 മാര്‍ച്ചില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ വച്ച് മെറ്റിസ്, ഇന്യൂട്ട് തദ്ദേശീയ ജനപ്രതിനിധികളുമായും കനേഡിയന്‍ കത്തോലിക്കാ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അന്ന് അവര്‍ക്കു നല്കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടാണ് പാപ്പാ കനേഡിയന്‍ മണ്ണിലേക്ക് തീര്‍ത്ഥാടനം നടത്തിയത്.