ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം തീര്‍ത്ഥാടകരെ ഇരുന്നുകൊണ്ട് ആശീര്‍വദിച്ചതില്‍ ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മേയ് നാലിന് വത്തിക്കാനില്‍ നടന്ന പൊതുസദസിലാണ് പാപ്പാ ക്ഷമാര്‍പ്പണം നടത്തിയത്.
‘സന്ധിബന്ധത്തിനേറ്റ ക്ഷതം മൂലം എനിക്ക് നിങ്ങളുടെ മുന്നില്‍ നില്‍ക്കാനാവുന്നില്ല. ഇരുന്നുകൊണ്ട് നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടിവന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വൈകാതെ തന്നെ നിങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിവരാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു’. പാപ്പാ പറഞ്ഞു.
പൊതുസദസിന്റെ അവസാന ആശീര്‍വാദകര്‍മ്മം പാപ്പാ ഇരുന്നുകൊണ്ടാണ് നിര്‍വഹിച്ചത്. വലതുകാലിലെ സന്ധിബന്ധത്തിന് ക്ഷതമേറ്റതു മൂലം പാപ്പാ ഇപ്പോള്‍ ചികിത്സയിലാണ്. 85 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയത് പോപ്പ് മൊബീലില്‍ ഇരുന്നുകൊണ്ടാണ്. പൊതുസദസ്സിനെ അഭിവാദനം ചെയ്യാനുള്ള സ്ഥലത്തേയ്ക്ക് എത്താനും പാപ്പാ പരസഹായം തേടിയിരുന്നു.