ഫ്രാൻസിസ് പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’ ആഗോളതലത്തിൽ 80 രാജ്യങ്ങളിലെ പുസ്തക ഷെൽഫുകളിൽ ജനുവരി 14 മുതൽ എത്തിത്തുടങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ‘റാൻഡം ഹൗസ്’ എന്ന പ്രസാധകരിലൂടെയും യു. കെ. യിലെ ‘വൈക്കിംഗ്’ എന്ന പ്രസാധകരിലൂടെയും ഇംഗ്ലീഷ് സംസാരിക്കുന്ന വായനക്കാർക്കും ഈ പുസ്തകം ലഭ്യമാക്കിയിട്ടുണ്ട്.
ജൂബിലി വർഷമായതിനാൽ, വിശുദ്ധ വർഷത്തിന്റെ ആരംഭത്തിൽ പുസ്തകം പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഫ്രാൻസിസ് പാപ്പയിൽ നിന്നും ലഭിച്ച ഫോട്ടോകളും പ്രസിദ്ധീകരിക്കാത്ത പല ലേഖനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ആത്മകഥയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ആറ് വർഷക്കാലം കൊണ്ട് എഴുതിയ ഈ സമ്പൂർണ്ണ ആത്മകഥയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറ്റാലിയൻ വേരുകളെക്കുറിച്ചും ലാറ്റിനമേരിക്കയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചും വെളിപ്പെടുത്തുന്നു.
ഫ്രാൻസിസ് പാപ്പയുടെ ബാല്യകാലം, യൗവനം, ദൈവവിളി, പൗരോഹിത്യം എന്നിങ്ങനെ ഇന്നുവരെയുള്ള പാപ്പയുടെ ജീവിതം മുഴുവൻ ഈ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു. പരിശുദ്ധ പിതാവ് താൻ മാർപാപ്പയായിരുന്ന സമയത്തെ ചില നിർണ്ണായക നിമിഷങ്ങളും ലോകത്തെ ബാധിക്കുന്ന യുദ്ധങ്ങൾ, സഭയുടെയും മതത്തിന്റെയും ഭാവി, സാമൂഹികനയം, കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധി, സ്ത്രീകൾ, സാങ്കേതികവിദ്യ, വികസനങ്ങൾ, ലൈംഗികത തുടങ്ങി ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ടതും വിവാദപരവുമായ വിവിധ ചോദ്യങ്ങളെയും അഭിസംബോധന ചെയ്യുന്നു.