റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ അധിനിവേശത്തിനിടയില്‍ സംഭവിക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്ന് വിശദമാക്കിയാണ് മാര്‍പാപ്പയുടെ അപേക്ഷ. ഇത് ആദ്യമായാണ് റഷ്യന്‍ പ്രസിഡന്റിനോടായി ഇത്തരമൊരു ആവശ്യം മാര്‍പാപ്പ ഉന്നയിക്കുന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ യുക്രൈനിന് വേണ്ടി നടന്ന പ്രാര്‍ത്ഥനയിലായിരുന്നു മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.
പുടിനോട് റഷ്യയിലെ സ്വന്തം ജനങ്ങളേക്കുറിച്ച് ചിന്തിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നു. യുക്രൈനിലെ 4 പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യയുടെ നടപടിയെ കത്തോലിക്കാ സഭാതലവന് അപലപിച്ചു. ഇത് ആണവ വിപുലീകരണത്തിനുള്ള സാധ്യത കൂട്ടുന്നതായുള്ള ആശങ്കയും മാര്‍പാപ്പ പങ്കുവച്ചു. നേരത്തെയും റഷ്യയുടെ യുക്രൈന് അധിനിവേശത്തെ പാപ്പാ അപലപിച്ചിട്ടുണ്ടെങ്കിലും പുടിനോട് വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തുന്നത് ഇത് ആദ്യമായാണ്.
തന്റെ അപേക്ഷ പരിഗണിക്കണമെന്ന് യുക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. യുക്രൈന് ജനത അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് ഗൗരവത്തോടെ സമാധാന ശ്രമങ്ങള്‍ നടത്തണമെന്നാണ് മാര്‍പാപ്പ വ്ളോഡിമിര്‍ സെലന്‍സ്കിയോട് ആവശ്യപ്പെടുന്നത്.
ന്യൂക്ലിയര്‍ പോരാട്ടം ഉണ്ടാവുമോയെന്ന ഭീതിയും ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവനാമത്തിലുള്ള അപേക്ഷയില്‍ മറച്ചുവയ്ക്കുന്നില്ല. ഇരുനേതാക്കളോടുമായുള്ള അപേക്ഷ മാര്‍പാപ്പ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.