നമ്മുടെ കാലം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങളിലൊന്നാണ് ‘അന്ധത’ എന്നും ലോകത്തിന്റെ നിലവിളി കേൾക്കുന്ന ഒരു സഭയായിരിക്കണം നമ്മുടേതെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 27 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സിനഡിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിലാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“ഒരു സിനഡൽ സഭ, ആവശ്യമുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിൽ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട് പ്രവർത്തനനിരതമായിരിക്കണം. നമുക്കു വേണ്ടത് ഉദാസീനമായതും പരാജയപ്പെടുന്നതുമായ ഒരു സഭയെ അല്ല, മറിച്ച് ലോകത്തിന്റെ നിലവിളി കേൾക്കുകയും കർത്താവിനെ ശുശ്രൂഷിക്കുന്നതിലൂടെ കൈകളിൽ അഴുക്ക് പുരളുകയും ചെയ്യുന്ന സഭയെയാണ്” – വിശുദ്ധ കുർബാനമധ്യേയുള്ള സന്ദേശത്തിൽ മാർപാപ്പ പങ്കുവച്ചു.
മൂന്നുവർഷം മുമ്പ് ആരംഭിച്ച സഭയുടെ ആഗോള സിനഡൽപ്രക്രിയയിലെ ഒരു സുപ്രധാനഘട്ടത്തെയാണ് ഈ സമ്മേളനം പ്രതിനിധീകരിക്കുന്നത്.