Wednesday, April 2, 2025

‘ഒളിമ്പിക്സ് മത്സരങ്ങള്‍ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെ’; ഫ്രാന്‍സിസ് മാര്‍പാപ്പ

ഒളിമ്പിക്സ് മത്സരങ്ങള്‍ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളെ സമാധാനപരമായി ഒന്നിപ്പിക്കാന്‍ കഴിവുള്ള മഹത്തായ ഒരു സാമൂഹിക ശക്തി കായികവിനോദങ്ങള്‍ക്ക് ഉണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

‘ഈ മത്സരങ്ങള്‍ നമ്മള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ലോകത്തിന്റെ അടയാളമാകുമെന്നും അത്‌ലറ്റുകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരും യുവാക്കള്‍ക്ക് മാതൃകകളാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെ അനുസ്മരിച്ചുകൊണ്ട് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. യുദ്ധത്തില്‍ രക്തസാക്ഷികളായ ഉക്രെയ്ന്‍, പലസ്തീന്‍, ഇസ്രായേല്‍, മ്യാന്‍മര്‍, തുടങ്ങി നിരവധി രാജ്യങ്ങളെ നാം മറക്കരുത്. യുദ്ധം ഒരു പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

33-ാമത് ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് ജൂലൈ 26 ന് പാരീസില്‍ നടക്കും, ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്. 10,500 കായികതാരങ്ങള്‍ പങ്കെടുക്കും.

 

Latest News