Tuesday, January 21, 2025

ന്യൂ ഓർലീൻസിലെ ഇസ്ലാമിസ്റ്റ് ആക്രമണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ

ന്യൂ ഓർലീൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ പുതുവത്സര ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ ട്രക്ക് ഓടിച്ചുകയറ്റി 15 പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ന്യൂ ഓർലീൻസ് (യു. എസ്. എ.) ആർച്ച്ബിഷപ്പിനാണ് ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് അനുശോചനസന്ദേശം അയച്ചത്.

“ആക്രമണത്തിൽ ഉണ്ടായ മരണത്തെയും പരിക്കുകളെയും കുറിച്ചുള്ള വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖത്തോടെയാണ് കേട്ടത്. ആക്രമണത്തിന് ഇരകളായവർക്ക് മാർപാപ്പ തന്റെ ആത്മീയ അടുപ്പം ഉറപ്പുനൽകുന്നു” – സന്ദേശത്തിൽ പറയുന്നു. പുതുവർഷത്തിൽ ലോകത്തെ നടുക്കിയ സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. വാഹനമോടിച്ച യു. എസ്. പൗരനായ ഷംസുദ്-ദിൻ ജബ്ബാർ വാഹനത്തിനു പുറത്തിറങ്ങുകയും വെടിയുതിർക്കുകയും ചെയ്തതായി പറയപ്പെടുന്നു.

പ്രസിഡന്റ് ജോ ബൈഡനെ വിവരമറിയിച്ച അന്വേഷകർ പറയുന്നത്, ആക്രമണത്തിന് മണിക്കൂറുകൾക്കുമുമ്പ് പ്രതി സോഷ്യൽ മീഡിയയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും അയാൾ ഐ. എസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും കൊല്ലാനുള്ള ആഗ്രഹം ഉണ്ടെന്നും സൂചിപ്പിക്കുന്നതായാണ്. കൂടാതെ, ആക്രമണത്തിന് മണിക്കൂറുകൾക്കുശേഷം ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിക്കുകയും ഡ്രൈവർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂ ഓർലീൻസിൽ നടന്ന സംഭവവുമായി സ്ഫോടനത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും എന്നാൽ ഇപ്പോൾ ഒന്നും റിപ്പോർട്ട് ചെയ്യാനില്ലെന്നും ബൈഡൻ പറയുന്നു.

ആക്രമണത്തെ ‘നിന്ദ്യം’ എന്നു വിശേഷിപ്പിച്ച പ്രസിഡന്റ്, ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News